ആറ് സർക്കാറിതര സംഘടനകളുടെ വിദേശ സംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.മാർച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ സൂക്ഷമ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫോറിൻ ഡൊണേഷൻ രജിസ്ട്രേഷൻ നിയമത്തിൻ്റെ ലംഘനം, വിദേശ സംഭാവനയുടെ ദുരുപയോഗം, മതപരിവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദാക്കിയത്. ഡിയോസിസൻ സൊസൈറ്റി ചർച്ച്‌ ഓഫ് നോർത്ത്, ജീസസ് ആന്റ് മേരി ഡല്‍ഹി എജ്യുക്കേഷണല്‍ സൊസൈറ്റി, ഡല്‍ഹി ഡിയോസീസ് ഓവർസീസ് ഗ്രാന്റ് ഫണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക് ഗ്രോത്ത്, സാമുവല്‍ ഫൗണ്ടേഷൻ ചാരിറ്റബിള്‍ ഇന്ത്യ ട്രസ്റ്റ്, ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ എൻ.ജി.ഒകളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.

ഈ സംഘടനകള്‍ക്ക് ഇനി വിദേശ സംഭാവനകള്‍ സ്വീകരിക്കാനോ നിലവിലുള്ള ഫണ്ട് ഉപയോഗിക്കാനോ കഴിയില്ല.ഏപ്രിലില്‍ അഞ്ച് സർക്കാറിതര എൻ.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു.

ചർച്ചസ് ഓക്‌സിലറി ഫോർ സോഷ്യല്‍ ആക്ഷൻ, ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യ സിനോഡിക്കല്‍ ബോർഡ് ഓഫ് സോഷ്യല്‍ സർവീസ്, ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യ, ഇൻഡോ-ഗ്ലോബല്‍ സോഷ്യല്‍ സർവീസ് സൊസൈറ്റി ആന്റ് വോളണ്ടറി ഹെല്‍ത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ലൈസൻസ് ആണ് റദ്ദാക്കിയിരുന്നത്.