എം.എൽ.എ കെ.കെ.ശൈലജയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർ.എം.പി നേതാവ് കെ.എസ്.ഹരിദാസിനെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. സ്വപ്രയത്‌നത്താല്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്‍എംപി-യുഡിഎഫ് നേതൃത്വം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നതെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

കെ കെ രമ എം.എല്‍.എയുടെ സാനിധ്യത്തിലാണ് ആര്‍.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയില്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. ശ്രീമതി കെ.കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്.
ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അതേസമയം കെകെ ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ തള്ളി കെകെ രമ എംഎല്‍എ രംഗത്തെത്തി . വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം.

ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്ന് കെകെ രമ പറഞ്ഞു. തെറ്റ് മനസ്സിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും കെകെ രമ പറഞ്ഞു. 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം.ഇത് വിവാദമായതോടെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.