രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട അംഗത്വം പുതുക്കല്‍ നടക്കാതായതോടെ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിനുള്ളില്‍ മുറുമുറുപ്പ്. ആറ് വര്‍ഷമായിട്ടും അംഗത്വം പുതുക്കാനുള്ള നടപടിയുണ്ടാകാത്തതിലാണ് സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് തുടങ്ങിയിരിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ അംഗത്വം പുതുക്കണമെന്നാണ് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നത്.

2018ലാണ് അവസാനമായി അംഗത്വം പുതുക്കിയത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിലടക്കം ചര്‍ച്ചയായിട്ടും നടപടിയുണ്ടായിട്ടില്ല. നിലവിലെ ഭാരവാഹികള്‍ തന്നെ തുടരാന്‍ അവസരം നല്‍കാനാണ് അംഗത്വം പുതുക്കാത്തതെന്ന ആരോപണം ഉയരുന്നുണ്ട്. മാത്രമല്ല, അംഗത്വ പ്രായപരിധി 30 ല്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

എന്നാല്‍ കൊവിഡ് കാരണമാണ് പോഷക സംഘടനകളിലെ അംഗത്വ വിതരണം വൈകിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അംഗത്വ ക്യാമ്പയിനുള്ള നടപടികള്‍ തുടങ്ങിയെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

നിലവിലെ എംഎസ്എഫ് കമ്മിറ്റികള്‍ രൂപികരിച്ചിട്ട് ആറ് വര്‍ഷമായിട്ടും പുനഃസംഘടന നടക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കമ്മിറ്റികളുടെയും കാലാവധി രണ്ട് വര്‍ഷമാണ്. പഞ്ചായത്ത്, യൂണിറ്റ്, മണ്ഡലം കമ്മിറ്റികള്‍ നിലവില്‍ വന്നിട്ട് ആറ് വര്‍ഷമായി. ജില്ലാകമ്മിറ്റികള്‍ രൂപീകരിച്ചിട്ട് അഞ്ച് വര്‍ഷമായും സംസ്ഥാനകമ്മിറ്റികള്‍ രൂപീകരിച്ച് നാല് വര്‍ഷവുമായി.