ചന്ദ്രനിലും റെയില്‍ പദ്ധതിയുമായി വന്നിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ. ഫ്‌ലോട്ട് അഥവാ ഫ്‌ലെക്‌സിബിള്‍ ലെവിറ്റേഷന്‍ ഓണ്‍ എ ട്രാക്ക് എന്നാണ് നാസയുടെ പദ്ധതിയുടെ പേര്. നാസയുടെ ഇന്നവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സപ്റ്റ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.

ഒരു യാത്രാ ട്രെയിനല്ല ഫ്‌ലോട്ട്. മറിച്ച് നമ്മുടെ നാട്ടിലെ ഗുഡ്സ് ട്രെയിനുകളെപ്പോലെ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കാനുള്ള ഒരു ചരക്കുട്രെയിനാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നീങ്ങുന്ന ഒരു ട്രാക്ക് മാതിരിയാകും ഇതിരിക്കുക, 2030ല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നാണ് നാസ പറയുന്നത്.

ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി വമ്പന്‍ പദ്ധതികളാണ് ലോകത്തെ പല ബഹിരാകാശ ശക്തികളും അണിയറയില്‍ ഒരുക്കുന്നത്. അമേരിക്ക ഈ മേഖലയില്‍ മുന്‍പന്തിയിലുണ്ട്. ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് ഒരു പിന്‍തുടര്‍ച്ചയെന്നവണ്ണമാണ് അമേരിക്ക ആര്‍ട്ടിമിസ് ദൗത്യം പദ്ധതിയിടുന്നത്.

മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയിലാകും ഈ റോബട്ടിക് ട്രെയിന്‍ പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 1.61 കിലോമീറ്റര്‍ എന്ന ചെറിയ വേഗത്തിലാകും ട്രെയിന്‍ ട്രാക്ക് നീങ്ങുക.