ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പതഞ്ജലിയുടെ സോന്‍ പപ്ഡി. പ്രധാന ഉത്തരേന്ത്യന്‍ പലഹാരങ്ങളില്‍ ഒന്നായ സോന്‍ പപ്ഡി ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. പിത്തോരാഗഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്.

പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിൻ്റെ അസി. മാനേജര്‍ അഭിഷേക് കുമാര്‍, കച്ചവടക്കാരനായ ലീലാ ധര്‍ പഥക്, വിതരണക്കാരനായ അജയ് ജോഷി എന്നിവര്‍ക്കാണ് കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്.

2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബെറിനാഗിലെ മാര്‍ക്കറ്റില്‍ പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ലീലാ ധര്‍ പഥകിൻ്റെ കടയില്‍ ഭക്ഷ്യസുരക്ഷാ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് പതഞ്ജലി നവരത്ന എലൈച്ചി സോന്‍ പപ്ഡി പരിശോധനയ്ക്ക് എടുക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് സോന്‍ പപ്ഡിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. കേസില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ മൂന്ന് പേര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.

കോടതിയില്‍ എത്തി വിശദമായ വാദത്തിനൊടുവിലാണ് ജസ്റ്റിസ് സഞ്ജയ് സിങ് ശിക്ഷ വിധിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷന്‍ 59 പ്രകാരം ലീലാ പഥകിന് 5,000 രൂപയും അജയ് ജോഷിക്ക് 10,000 രൂപയും അഭിഷേക് കുമാറിന് 25,000 രൂപയും പിഴയും മൂന്ന് പേര്‍ക്കും ആറ് മാസം തടവും വിധിക്കുകയായിരുന്നു.

മൂന്ന് പ്രതികളും പിഴ ഒടുക്കിയില്ലെങ്കില്‍ ഏഴ് ദിവസം മുതല്‍ ആറ് മാസം വരെ അധിക തടവ് അനുഭവിക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. അതേസമയം പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയ കേസില്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു.

നേരത്തെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിൻ്റെ 14 ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസെന്‍സിങ് അതോറിറ്റി (എസ്എല്‍എ) റദ്ദാക്കിയിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ് 1954ലെ റൂള്‍ 159(1) പ്രകാരമായിരുന്നു നടപടി. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടേയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തത്തില്‍ ഏപ്രില്‍ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പതഞ്ജലി ആയുര്‍വേദ്, കമ്പനിയുടെ മാനേജിങ് ഡയരക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമെഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ കോടതിയെ അറിയിച്ചിരുന്നു.

സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്സ്ട്ര പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്‌സ് എന്നീ ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. അടിയന്തരമായി ഉല്‍പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചിരുന്നു.