ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. തിരഞ്ഞെടുപ്പ് എന്നത് ജനങ്ങള്‍ തമ്മിലുള്ള സൗന്ദര്യ മത്സരമല്ലെന്നും ജയറാം രമേഷ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ഘട്ടങ്ങള്‍ കൂടിയാണ്.

2004ലും യുപിഎയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്ന് നാല് ദിവസത്തിനുള്ളില്‍ ആയിരുന്നു മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ ഫലപ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകുമെന്നായിരുന്നു മോദിയുടെ വിമര്‍ശനം. എന്നാല്‍ വിവിധ പാര്‍ട്ടികളുടെ സഖ്യമായ യുപിഎയ്ക്ക് അഞ്ച് വര്‍ഷം ഒരു പ്രധാനമന്ത്രി ഭരിച്ചത് മറന്നുപോയോ എന്നും ജയറാം രമേഷ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 26 സഖ്യകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ അറിയിച്ചിരുന്നു.