വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ രീതിയെന്നും, നിരവധി പേര്‍ ഈ കെണിയില്‍ വീണതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാര്‍ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിംഗ്, ഇലക്ട്രിസിറ്റി കൗണ്‍സില്‍ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവര്‍ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളില്‍ കെഎസ്ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നും അധികൃതര്‍ പറഞ്ഞു. ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കും എന്ന തരത്തിലും ഒരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുകയാണ് ലക്ഷ്യമെന്നും ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുത് എന്നും കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ കെഎസ്ഇബിയുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912 ല്‍ വിളിക്കണം.