കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നു. കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായി. അതേസമയം, വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റെമാല്‍’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ അര്‍ധ രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖേപുപാറക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 130km വരെ വേഗതയില്‍ കരയില്‍ റെമാല്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.