റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും. തിങ്കളാഴ്ചയോടെ യോഗം ചേരാനാണ് സാധ്യത. കേസ് എടുത്തതിനെതിരെ വനം മന്ത്രി തന്നെ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് യോഗം. അന്വേഷണത്തിന്റെ തുടർ നടപടികൾ യോഗം ചർച്ച ചെയ്യും. പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ.
നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.