വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്ത് എത്തിച്ചേർന്ന പ്രധാനമന്ത്രി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന് രാവിലെ തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എന്നിവരാണ് ചടങ്ങില്‍ സംസാരിച്ചത്. നരേന്ദ്ര മോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു.
ചടങ്ങില്‍ പ്രധാനമന്ത്രിയെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുറമുഖ നിർമാണത്തിന് വഹിച്ച പങ്കിന് നന്ദി സൂചകമായി മെമന്റോയും കൈമാറി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു സ്വാഗത പ്രസംഗം. ഒന്നും അസാധ്യമല്ല എന്ന നെപ്പോളിയന്‍റെ വാചകം ഓർമിപ്പിച്ചാണ് വി.എന്‍. വാസവന്‍ സ്വാഗത പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്നും എല്‍ഡിഎഫ് വന്നു എല്ലാം ശരിയാക്കും എന്ന വാഗ്ദാനം അർഥപൂർണമാക്കിയെന്നും വാസവന്‍ പറഞ്ഞു. 'കാലം കരുതിവെച്ച കർമയോഗി, തുറമുഖത്തിന്‍റെ ശില്‍പ്പി' എന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രിയെ മന്ത്രി സ്വാഗതം ചെയ്തത്. മുഖ്യമന്ത്രിയാണ് ചടങ്ങിന് അധ്യക്ഷം വഹിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ടതിന്‍റെ സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നമ്മള്‍ അതും നേടി. വിഴിഞ്ഞം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറി. അദാനി ഗ്രൂപ്പ് ഈ പോർട്ടിന്‍റെ നിർമാണത്തിന് നല്ല സഹകരണമാണ് നല്‍കിയത്. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്യേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്‍റെ മഹാകവാടം തുറക്കലാണ്.
ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ചത്, മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തില്‍ തുറമുഖ നിർമാണം നടക്കുന്നത്. ചെലവിന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. 2028 ല്‍ തുറമുഖ നിർമാണത്തിന്‍റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.