ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധ ഭീകരത ഓർമിപ്പിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. എം. മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ എന്ന പുസ്തകത്തെ ഉദാഹരിച്ചു കൊണ്ടായിരുന്നു സ്വരാജിന്റെ പ്രതികരണം.
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണെന്നും സ്വരാജ് ഓര്‍മിപ്പിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന്റെ ഒന്‍പത് കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുദ്ധത്തില്‍ വിജയികളില്ലെന്നതാണ് സത്യമെന്ന് സ്വരാജ് ഓര്‍മിപ്പിക്കുന്നു.
'പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍. നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരര്‍. ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം.
കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു,' സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്, സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകളെന്നും സ്വരാജ് പറയുന്നു.
ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെയെന്നും സ്വരാജ് പറഞ്ഞു.