കെപിസിസിയിലെ നേതൃമാറ്റത്തെ എതിർത്ത് കാസർഗോഡും ഇടുക്കിയിലും തിരുവനന്തപുരത്തും പോസ്റ്ററുകൾ. കെ. സുധാകരൻ നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്.
സേവ് കോൺഗ്രസ് എന്ന പേരിലാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും കാസഗോഡും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ പയ്യന്നൂരിലും സുധാകരന് വേണ്ടി വീണ്ടും ഫ്ലെക്സ് ബോർഡ് ഉയർന്നു. 'കോൺഗ്രസ് പോരാളികൾ പയ്യന്നൂർ' എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ്.
കെ. സുധാകരൻ തുടരണം എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. സേവ് കോൺഗ്രസ് എന്ന പേരിലാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും ഫ്ലക്സുകൾ ഉയർന്നത്. സുധാകരൻ ധീരമായ നേതൃത്വമാണെന്നും, ഈ നേതൃത്വമെന്നും തുടരണമെന്നും പോസ്റ്ററിൽ പറയുന്നു. തൊടുപുഴ ടൗൺ, പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരം, മൂവാറ്റുപുഴ ടൗൺ എന്നിവിടങ്ങളിലാണ് ഫ്ലക്സ്.
കാസർഗോഡ് ഡിസിസിക്ക് മുന്നിലും കെ. സുധാകരനെ പിന്തുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർ പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നും കെ. സുധാകരൻ തുടരട്ടെ എന്നുമാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. 'സേവ് കോൺഗ്രസ് കാസർഗോഡ്' എന്ന പേരിലാണ് പോസ്റ്റർ. തിരുവനന്തപുരത്താവട്ടെ യൂത്ത് കോൺഗ്രസിൻ്റെയും കെഎസ്‌യുവിൻ്റെയും പേരിലാണ് ഫ്ലക്സ് ബോർഡ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴിയിലാണ് ഫ്ലക്സ് ഉയർന്നത്.