2024-2025 അദ്ധ്യായനവർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്തസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയശതമാനം. കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം. 0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്.
61449 വിദ്യാർത്ഥികൾക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. വിജയശതമാനം കൂടുതലുള്ള ജില്ല കണ്ണൂരും (99.87 ശതമാനം) കുറവുള്ള ജില്ല തിരുവനന്തപുരവുമാണ് (98.59 ശതമാനം). ഫുൾ എ പ്ലസ് നേടിയ കുട്ടികൾ കൂടുതലുള്ളത് മലപ്പുറത്താണ്. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും പ്രഖ്യാപിച്ചു. വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.
ഇക്കൊല്ലം വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ‘ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു. സേ പരീക്ഷ – മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടക്കും.