കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരിൽ തൂക്കിയ 36 പ്രസിഡന്റുമാരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റി നിർത്തിയിരിക്കുന്നു.

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ പാർശ്വവത്കരിക്കപ്പെട്ടവരെ മാറ്റി നിർത്തുന്നുവെന്ന പരാതി പരിഹരിക്കാൻ സംസ്ഥാനത്തിന്റെ ചുമതലുയള്ള എഐസിസി ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെടുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹി പട്ടിക പരിശോധിച്ചാൽ ഈ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചതായി കാണാമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പുതിയനേതൃത്വത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ടീം സണ്ണിയായി പ്രവർത്തിക്കാൻ പുതിയനേതൃത്വത്തിന് സാധിക്കും. വിദ്യാർഥി കാലം മുതലെ നേതൃശേഷി തെളിയിച്ചവാരണ് പുതിയ നേതൃത്വമെന്നും അവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ വിജയത്തിലെത്തിക്കാൻ കഴിയുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. രണ്ട് കെപിസിസി അധ്യക്ഷൻമാർക്കൊപ്പം വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നിൽ പറഞ്ഞു. മുല്ലപ്പള്ളിയിൽ നിന്നും സുധാകരനിൽ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. തന്നെ ഏതെങ്കിലും തരത്തിൽ അവഗണിക്കുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കമ്മിറ്റികളിൽ കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ കൂടി ഒപ്പം നിർത്തുന്ന നടപടികൾ ഉണ്ടാകണം. പാർട്ടിയുടെ എല്ലാ തലങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പരിഗണന കിട്ടിയില്ലെന്ന പരാതിയുണ്ട്. അത് പരിശോധിക്കണം. യുഡിഎഫിന്റെ സമിതിയിലും ഈ വിഭാഗത്തിന് പരിഗണനയില്ലെന്ന പരാതി ഉണ്ട്. ഇനിയുണ്ടാകുന്ന മാറ്റങ്ങളിൽ ഇവരെ കൂടി ഉൾപ്പെടുത്തണം. കെപിസിസിസി ഓഫീസിലെ ചുവരിൽ തൂക്കിയിട്ട 36 പ്രസിഡന്റുമാരുടെ ഫോട്ടോകൾ നമ്മെ ചിലത് ഓർമപ്പെടുത്തുന്നുണ്ട്.

അതിൽ ഒരുവിഭാഗത്തെ മാത്രം മാറ്റി നിർത്തുന്നത് കാണാം. അത് പരിഹരിക്കണം. ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം പരിശോധിച്ചാൽ അവിടെയെല്ലാം ആ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉണ്ട്. എന്നാൽ നവോത്ഥാന സംസ്ഥാനമായ കേരളത്തിൽ അത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അത് പരിഹരിക്കണമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.