രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. അൻവറുമായി കൂടിക്കാഴ്ച നടത്താൻ രാഹുലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാകാം. വിശദീകരണം ചോദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

"രാഹുലിനോട് അൻവറിനെ കാണാൻ ചുമതലപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ സന്ദർശനമാകും. തെറ്റും ശരിയും ഇപ്പോൾ നോക്കുന്നില്ല. രാഷ്ട്രീയത്തിൽ ഒരു വാതിലും പൂർണമായി അടയുന്നില്ല. അൻവർ വന്നാൽ പായസത്തിന് മാധുരം കൂടുകയേ ഉള്ളൂ. അൻവർ ഇല്ലെങ്കിലും 50% വോട്ട് മുന്നണി നേടും. അൻവർ മത്സരിച്ചാലും പ്രശ്നമില്ല. നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് ആവർത്തിക്കും" സണ്ണി ജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെയും പി.വി. അന്‍വറിൻ്റെയും കൂടികാഴ്ച വിവാദമായതോടെയാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. അൻവറിന് മുന്നിൽ യുഡിഎഫിൻ്റെ വാതിൽ കൊട്ടിയടയ്ക്കുകയും വി.ഡി.സതീശൻ അൻവർ വിരുദ്ധതയിൽ ഉറച്ച് നിൽക്കുകയും ചെയ്തതിനു പിന്നാലെയാണ് അർധരാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിൻ്റെ വീട്ടിലെത്തിയത്.

ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരിട്ടെത്തി മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞു. ചർച്ചയ്ക്ക് പോയത് തെറ്റാണെന്നും എന്നാൽ സംഘടനാപരമായി വിശദീകരണം ചോദിക്കില്ലെന്നുമായിരുന്നു സതീശൻ്റെ വിശദീകരണം.