കേരളത്തെ ആശങ്കയിലാഴ്ത്തിയ കനത്ത മഴക്ക് ശമനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യയില്ലെന്നാണ് വ്യക്തമാകുന്നത്. ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെങ്കിലും കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 06 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യത.