ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു.
അതേസമയം മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്നായിരുന്നു പി സി ജോർജിന് എതിരെയുള്ള കേസ്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ സമാന കുറ്റകൃത്യം പി സി ജോർജ് ആവർത്തിച്ചെന്നും അതില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ വ്യക്തമാക്കുന്നു.
2022 രജിസ്റ്റർ ചെയ്ത പാലാരിവട്ടം കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.