ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ട് പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു.
നാലു വാഹനങ്ങളും മഹിസാഗർ നദിയിലേക്ക് വീണിട്ടുണ്ട്. രണ്ടു ട്രക്കുകളും ഒരു പിക്കപ്പ് വാനുമാണ് നദിയിൽ വീണത്. അഗ്നിരക്ഷാസേന, പൊലീസ്, പ്രദേശത്തെ ജനങ്ങൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്. ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. അപകടം നടക്കുമ്പോൾ പാലത്തിൽ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘1985ലാണ് പാലം പണിതത്. ആവശ്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം നടത്തും.’’ – ഗുജറാത്തിന്റെ ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ പറഞ്ഞു. സാങ്കേതിക വിദഗ്ധരോട് സ്ഥലത്തെത്തി പാലം തകർന്നതിന്റെ കാരണം കണ്ടെത്താൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് തൂണുകൾക്ക് നടുവിലുള്ള സ്ലാബ് ആണ് തകർന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 900 മീറ്റർ നീളുമുള്ള പാലത്തിന് 23 തൂണുകളുണ്ട്.