കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ എട്ടംഗ സംഘത്തെ രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഭർത്താവ് സതീഷിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം.
അതുല്യയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം.
ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.
വിവാഹം കഴിഞ്ഞ സമയം മുതൽ അതുല്യയും സതീഷും തമ്മില്‍ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംശയ രോഗിയായ സതീഷ് , ഭാര്യയെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല. അതുല്യയെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ജോലിക്ക് പോയിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പത്തുവയസുകാരിയായ മകൾക്ക് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുടുംബം നൽകിയ പരാതിയിൽ ചവറ പൊലീസ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സതീഷ് മർദിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചിരുന്നു. ഈ ദൃശ്യങ്ങളും പൊലീസിന് കൈമാറി.