ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ കുഴിയെടുക്കലും ഖനനവും താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്നതുവരെയാണ് ഈ തീരുമാനം. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര നിയമസഭയെയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥലത്തെ രാസ വിശകലനം, ഡിഎൻഎ തെളിവുകൾ എന്നിവയ്ക്കുള്ള ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രാസ വിശകലനത്തിൽ മനുഷ്യ ഡിഎൻഎയുടെ അംശം കണ്ടെത്തിയാൽ അന്വേഷണം മറ്റൊരു വഴിക്ക് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സർക്കാരിന്റെ തീരുമാനമല്ലെന്നും, എസ്ഐടി സ്വയം എടുത്ത തീരുമാനമാണെന്നും പരമേശ്വര പറഞ്ഞു.
മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനാക്കിയ ഒരാൾ നൽകിയ പരാതിയെ തുടർന്നാണ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കുറ്റബോധം കാരണമാണ് പരാതി നൽകിയതെന്നും അദ്ദേഹം മൊഴി നൽകി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ മൃതശരീരം മറവ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ വെളിപ്പെടുത്തി.
ഈ ആരോപണങ്ങളെ തുടർന്ന് വനിതാ കമ്മീഷൻ ചെയർമാൻ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ച് എസ്ഐടി രൂപീകരിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.