കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസൗഹൃദ തൊഴിലിടങ്ങളാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശു വികസന വകുപ്പിന്റേയും ഐടി വകുപ്പിന്റേയും നേതൃത്വത്തില്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.എല്ലാ കമ്പനികളിലും ഇന്റേണല്‍ കമ്മിറ്റികളുടെ രൂപീകരണം നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐടി പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. സിനിമാ മേഖലയില്‍ ഇന്റേണല്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

2023ല്‍ വനിത ശിശുവികസന വകുപ്പ് ഐസികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു പോര്‍ട്ടല്‍ രൂപീകരിച്ചിരുന്നു. 2025 മാര്‍ച്ച് എട്ടിന് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരണം പൂര്‍ത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വിവിധ ഓഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ ചേയര്‍പേഴ്‌സണ്‍മാരെയും മെമ്പര്‍മാരേയും പങ്കെടുപ്പിച്ച് കൊണ്ട് ചൈത്രം ഹോട്ടലില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഐടി മേഖലയില്‍ ഉള്‍പ്പെടെ ധാരാളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ ഇനിയും മുന്നോട്ടു വരേണ്ടതായിട്ടുണ്ട്. സ്ത്രീകള്‍ ഓരോ മേഖലയിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ക്യാന്‍സര്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ജനകീയ പ്രതിരോധ ക്യാമ്പയിനിലുള്‍പ്പെടെ ഐടി മേഖല മികച്ച പിന്തുണ നല്‍കിയതിനെ മന്ത്രി അഭിനന്ദിച്ചു.

ഇന്റേണല്‍ കമ്മിറ്റികള്‍ ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളുടേയും തൊഴില്‍ ദാദാക്കളുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) 2013 (പോഷ്) നിയമം ഐ.ടി പാര്‍ക്കുകളില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടെക്‌നോപാര്‍ക്കിലെ പത്തോ അതിലധികമോ ജീവനക്കാര്‍ തൊഴിലെടുക്കുന്ന വിവിധ ഓഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ ചേയര്‍പേഴ്‌സണ്‍മാരെയും മെമ്പര്‍മാരേയും സഹിതം 100 പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് വനിത ശിശു വികസന വകുപ്പ് പരിശീലനം സംഘടിപ്പിച്ചത്.