മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം തടയുന്നതിൽ കേന്ദ്രസർക്കാർ നിസ്സഹകരണ നിലപാട് സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിനുള്ള കർമപദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ രൂപീകരിക്കും. പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണും. കൂടുതൽ സങ്കീർണ്ണമായ വിഷയങ്ങൾ സംസ്ഥാനതലത്തിൽ ചർച്ച ചെയ്യും.

ഈ വിഷയത്തിൽ പ്രതിപക്ഷം വസ്തുതകൾ മനസ്സിലാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ (RRT) സഹായിക്കാൻ പ്രൈമറി റെസ്പോൺസ് ടീമുകളെ (PRT) വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാടിന്റെയും നാടിന്റെയും അതിരുകൾ മായ്ച്ചുകൊണ്ടുള്ള വന്യജീവികളുടെ സഞ്ചാരമാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകർന്നതാണ് അവ കാടിറങ്ങാനുള്ള പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാടിനും നാടിനും വേണ്ടാത്ത അധിനിവേശ സസ്യങ്ങൾ വ്യാപിച്ചതോടെ മൃഗങ്ങൾക്ക് വനത്തിൽ ഭക്ഷണം ലഭിക്കാതെയായി. ഇതോടൊപ്പം, വന്യജീവികൾക്ക് സുരക്ഷിത താവളമായിരുന്ന പുൽമേടുകൾ നശിച്ചതും സ്വകാര്യ എസ്റ്റേറ്റുകളിലെ കൃഷിയും അവയെ നാട്ടിലേക്ക് ആകർഷിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 884 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 594 പേർ പാമ്പുകടിയേറ്റാണ് മരിച്ചത്. വന്യജീവി ആക്രമണത്തെ കഴിഞ്ഞ വർഷം സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1954 കിലോമീറ്റർ സോളാർ ഫെൻസിങ് പ്രവർത്തനക്ഷമമാക്കി. പുതിയതായി 794 കിലോമീറ്റർ ഫെൻസിങ് നിർമാണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്യജീവികൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ കാട്ടിനുള്ളിൽ തന്നെ ഒരുക്കുന്നതിനുള്ള നയം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.