തിരഞ്ഞെടുപ്പ് അടുത്തെത്തുന്ന ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണ (SIR) നടപടി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചെത്തിയിരിക്കുകായാണ്. ബിജെപി, ആർഎസ്‌എസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ ചേർന്ന് രാജ്യത്ത് വോട്ട് മോഷണം നടത്തുകയാണെന്ന് ആരോപണമാണ് രാഹുൽ കേന്ദ്രത്തിനെതിരെ നടത്തിയത്.
ബീഹാറിലെ ആരയിൽ നടന്ന “വോട്ടർ അധികാർ യാത്ര” പൊതുയോഗത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, വോട്ട് ചെയ്യാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും അത് ദലിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്കു നിഷേധിക്കാനാവാത്ത അവകാശമാണെന്നും വ്യക്തമാക്കി. ബീഹാറിൽ നിന്നാരംഭിച്ച യാത്ര രാജ്യവ്യാപക പ്രസ്ഥാനമായി മാറുമെന്നും ഗാന്ധി വ്യക്തമാക്കി.
“മുമ്പ് തെളിവില്ലാത്തതിനാൽ ഞങ്ങൾ മൗനം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ വോട്ട് മോഷണത്തിന് തെളിവുകൾ ഞങ്ങളുടെ കൈവശമുണ്ട്.”
കേന്ദ്രസർക്കാർ വലിയ കോർപ്പറേറ്റ് സാമ്രാജ്യങ്ങൾക്ക് മാത്രംഅനുകൂലമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാരുടെയും ദരിദ്രരുടെയും ശബ്ദം അടിച്ചമർത്തുകയാണെന്നും ഗാന്ധി ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും യുവാക്കളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന അഗ്നിവീർ പദ്ധതിയും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.