തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ആരോപണ പരാതി കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണമാണിതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടും ക്രിമിനലാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തക തന്നെ ക്രമിനലിന് ഇരയായത് ഒരു നിസാര വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

2016 മുതൽ 2021 കാലഘട്ടത്തിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ ഈ കാലയളവിൽ, യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥ ആയിരുന്ന, പിന്നീട് ഐടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീർ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു