കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ കുടുംബം. ടി സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്നും വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും ശബ്ദരേഖയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. എൻ എം വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ നേതാവാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കരാർ രേഖ തരില്ലെന്ന് പറഞ്ഞതിനുശേഷം കുടുംബം തിരുവഞ്ചൂരിനെ കോട്ടയത്തു പോയി കണ്ടിരുന്നു. അതിന്റെ ഓഡിയോയാണ് എൻ. എം. വിജയന്റെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു.
‘സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിനാണ് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചത്? തരികിട പണികളോട് ഒന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. ഇവർ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. ഇവരെല്ലാം കൂടി കുഴിയിൽ കൊണ്ട് ഇടും. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയിരിക്കുന്നത്, ചതിക്കാൻ വേണ്ടിയല്ല’- തിരുവഞ്ചൂർ പറയുന്നു.
2024 ഡിസംബർ 25-നാണ് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. പിന്നാലെ ഇന്നലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു. കല്‍പ്പറ്റ എംഎല്‍എ ടിസിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്‍റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടിസിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു.