പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരായ സൈബർ ആക്രമണത്തിൽ ശക്തമായ നടപടിക്ക് കെപിസിസി നേതൃയോഗത്തിൽ നിർദേശം. പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് സൈബർ ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കും. വി.ടി. ബൽറാമിൻ്റെ നേതൃത്വത്തിലാണ് പരിശോധന.
സൈബർ ആക്രമണത്തെ ചിലർ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന് കെ. മുരളീധരൻ യോഗത്തിൽ പറഞ്ഞു. വർക്കിങ് പ്രസിഡൻ്റുമാർ അടക്കം രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാർട്ടി നിലപാട് പറയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ലൈംഗിക ചൂഷണ വിവാദത്തിൽ പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടുകളും മുഖ്യമന്ത്രിക്ക് ഒപ്പം ഓണ സദ്യ കഴിച്ചതുമാണ് വി.ഡി. സതീശന് നേരെ സൈബർ ആക്രമണത്തിന് കാരണമായത്. സതീശന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് താഴെ കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നുള്‍പ്പെടെ അസഭ്യ വർഷമാണുണ്ടായത്.
ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടിയെടുക്കണമെന്ന് തുടക്കം മുതൽ നിലപാടെടുത്തതും അത് പരസ്യമായി പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പൂർണ ബോധ്യമുള്ള കാര്യമാണ് ചെയ്യുന്നതെന്നും നിലപാടിൽ ഒരിഞ്ച് വിട്ടു വീഴ്ചക്കില്ലെന്നും പ്രതിപക്ഷ നേതാവ് പല ആവർത്തി പറഞ്ഞു. റീൽസിലും സോഷ്യൽ മീഡിയയിലും കാണുന്നവരല്ല ശരിക്കുള്ള കോൺഗ്രസ് എന്ന് പറഞ്ഞുവച്ചത് രാഹുലിനും ഷാഫി പറമ്പിലിനും എതിരെയുള്ള ഒളിയമ്പായിട്ടാണ് വ്യാഖ്യാനിച്ചത്. ഇതാണ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്.