ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യ നൽകുന്ന സബ്സിഡി മൂലം തങ്ങളുടെ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ കഴിയുന്നില്ലെന്ന് ചൈന. ഇവികൾക്കും ബാറ്ററികൾക്കും നൽകുന്ന ഈ സബ്സിഡികൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ പരാതി നൽകി. ഈ സബ്‌സിഡികൾ WTO നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ചൈന ആരോപിച്ചു.
ഇന്ത്യൻ വിപണിയിൽ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമായി കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’ സ്കീമുകൾ. ഇത്തരം സബ്‌സിഡികൾ നൽകുന്നത് WTO-യുടെ ‘ദേശീയ പരിഗണന’ തത്വങ്ങൾ ലംഘിക്കുന്നതായാണ് ചൈനയുടെ വാദം.
സംഘടനയിലെ അംഗങ്ങൾ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ വിപണിയിൽ എത്തിക്കഴിഞ്ഞാൽ ആഭ്യന്തര ഉൽപ്പന്നങ്ങൾ പോലെ പരിഗണിക്കണമെന്നാണ് ഗാട്ട് കരാറിലെ ദേശീയ പരിഗണന തത്ത്വങ്ങൾ വ്യക്തമാക്കുന്നത്. രാജ്യങ്ങൾക്ക് ഇറക്കുമതിക്ക് താരിഫ് ചുമത്താൻ കഴിയുമെങ്കിലും കസ്റ്റംസ് ക്ലിയറൻസിന് ശേഷം ആഭ്യന്തര നികുതികൾ, നിയന്ത്രണങ്ങൾ, സബ്‌സിഡികൾ തുടങ്ങിയവയിലൂടെ ഇവയോട് വിവേചനം കാണിക്കാൻ പാടില്ല.
വിദേശ ഉൽപ്പന്നങ്ങളേക്കാൾ ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഈ സബ്‌സിഡികൾ സൃഷ്ടിക്കുന്നതെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സബ്‌സിഡി നയങ്ങൾ പിൻവലിക്കണമെന്നും WTO നിയമങ്ങൾ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. WTO-യുടെ തർക്ക പരിഹാര സംവിധാനത്തിലൂടെ ചൈനയുമായി ചർച്ചകൾക്ക് തയ്യാറാകാൻ ഇന്ത്യ നിർബന്ധിതരാകുമെന്നാണ് കരുതുന്നത്.