ട്രാവല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ച് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. ഇതോടുകൂടി ലോക ടൂറിസത്തിൽ കേരളത്തിന് പുതിയൊരു സ്ഥാനം നേടിക്കൊടുക്കാനായി ടൂറിസം മേഖലയിൽ ഒരു നൂതന ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന ‘യാനം ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ’ ഇന്ന് മുതൽ വർക്കലയിൽ ആരംഭിക്കും. യാത്രാനുഭവങ്ങളെയും സാഹിത്യത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സംരംഭം കേരള ടൂറിസത്തിൻ്റെ മാർക്കറ്റിംഗ് പരിപാടികളിൽ ലോകശ്രദ്ധ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം എഴുത്തുകാർ, ട്രാവൽ ജേണലിസ്റ്റുകൾ, പ്രശസ്ത ഫോട്ടോഗ്രാഫർമാർ, ട്രാവൽ വ്ലോഗർമാർ, വ്ലോഗർമാർ എന്നിവരെല്ലാം ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത വർക്കല, അതിൻ്റെ പ്രകൃതിരമണീയത കൊണ്ട് എന്നും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
ലോകം കേരളത്തിലേക്ക്. കേരള ടൂറിസത്തിൻ്റെ പുതിയൊരു തുടക്കം. ‘ യാനം’ ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റ് ഇന്ന് മുതൽ വർക്കലയിൽ ആരംഭിക്കും. യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമമാണ് യാനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സാഹിത്യവും യാത്രയും കൂടിച്ചേരുന്ന ഒരു വ്യത്യസ്തമായ സംഗമമാണിത്. സഞ്ചാര സാഹിത്യ മേഖലയിലെ ലോക പ്രശസ്തരും ട്രാവലോഗ് രംഗത്തെ പ്രമുഖരും ഉൾപ്പെടെ പങ്കെടുക്കുന്ന ഈ ട്രാവൽ ഫെസ്റ്റിവൽ കേരള ടൂറിസത്തിൻ്റെ ഒരു പുതിയ തുടക്കമാണ്. ലോക സഞ്ചാര സാഹിത്യ മേഖലയിൽ കേരളം ഇനിയും കൂടുതൽ അടയാളപ്പെടുത്താൻ ഈ ഫെസ്റ്റിവൽ സഹായകരമായിരിക്കും. അതിലൂടെ കൂടുതൽ രാജ്യങ്ങൾ കേരളത്തെ അടുത്തറിയും.