പൊതുജന ആരോഗ്യരംഗത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി മെഡിക്കല്‍ കോളേജെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മരിയാപുരം പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുര്‍ദൈര്‍ഘ്യത്തിലും ശിശുമരണനിരക്കിലും എടുത്തുപറയത്തക്ക മാറ്റമാണുണ്ടായത്.

ഇടുക്കിയിലും ഒട്ടനവധി മാറ്റങ്ങളുണ്ടായി. സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുമായി ഇടുക്കിയെ താരതമ്യം ചെയ്യരുത്. ചെറിയ കാലഘട്ടത്തില്‍ അവയ്‌ക്കൊപ്പം എത്താനാവില്ല. എന്നിരുന്നാലും അക്കാദമിക് കാര്യങ്ങളില്‍ നമ്മുടെ മെഡിക്കല്‍ കോളേജിന് മികച്ച പുരോഗതി കൈവരിക്കാനായി. ചികിത്സാകാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ഭാവിയില്‍ മറ്റുള്ളവയ്‌ക്കൊപ്പം ഇടുക്കിയും എത്തുമെന്നും മന്ത്രി പറഞ്ഞു.

മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ അക്സാ ജി.എം. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ എന്‍.എച്ച്.എം. ഫണ്ടായ 55 ലക്ഷവും 2023-24 ലെ 20 ലക്ഷം രൂപയുമുള്‍പ്പെടെ ആകെ 75 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി സത്യന്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി റോബി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ഷാജു പോള്‍, അനുമോള്‍ കൃഷ്ണന്‍, ബെന്നിമോള്‍ രാജു, ആലീസ് വര്‍ഗീസ്, വിനോദ് വര്‍ഗീസ്, ബീന ജോമോന്‍, പ്രീജിനി ടോമി, സിന്ധു കെ എസ്, ജിജോ ജോര്‍ജ്, നിര്‍മ്മല ലാലച്ചന്‍, ഫെനില്‍ ജോസ്,അഗസ്റ്റിന്‍ ദേവസ്യ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ കക്ഷി നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.