കായിക കേരളത്തിന്റെ ആവേശമുയർത്തി 2025-ലെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ ദീപശിഖ തെളിയിച്ചതോടെയാണ് ഏഴ് ദിനരാത്രങ്ങൾ നീളുന്ന കായിക മാമാങ്കത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്. മത്സരങ്ങൾക്ക് നാളെ (ഒക്ടോബർ 23) തുടക്കമാകും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കായിക മുന്നേറ്റത്തിലെ പുതിയ ചുവടുവെയ്പ്പാണിതെന്ന് മുഖ്യ സംഘാടകനായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 3000-ത്തിലധികം കുട്ടികൾ അണിനിരന്ന കലാപരിപാടിയും, ഓരോ ജില്ലയിൽ നിന്നുള്ള മുന്നൂറ് കുട്ടികൾ പങ്കെടുത്ത വിപുലമായ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

നാളെ (ഒക്ടോബർ 23) മുതൽ 28-ാം തീയതി വരെയാണ് കായിക മാമാങ്കത്തിലെ മത്സരങ്ങൾ നടക്കുന്നത്. ഈ മേളയിൽ, ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ ഭാഗമായ 1944 താരങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം കായിക പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികളടങ്ങുന്ന യുഎഇ ടീം ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണമാണ്. ഈ സംഘത്തിൽ 12 പെൺകുട്ടികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.