ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 476 ഗ്രാം സ്വര്‍ണം സ്‌പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്‌ഐടി കണ്ടെത്തല്‍. വിൽപ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നെെയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണത്തിന്‍റെ പങ്ക് ഉണ്ണികൃഷ്ണൻ പോറ്റിവിറ്റതായാണ് കണ്ടെത്തൽ. ഗോവര്‍ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്‌ഐടി സംഘം നടത്തും. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവര്‍ധന്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവര്‍ധന്‍ അന്വേഷണസംഘത്തിന് കൈമാറി.
ഗോവര്‍ധനില്‍ നിന്നും പലപ്പോഴായി ഉണ്ണികൃഷ്ണന്‍ സ്വര്‍ണം വാങ്ങിയതായാണ് മൊഴി. കട്ടിളയിലും വാതിലിലും പൂശുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് സ്വര്‍ണം വാങ്ങിയതെന്ന് ഗോവര്‍ധന്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍.
