കോവിഡ്-19 മഹാമാരിയെത്തുടർന്ന് നിർത്തിവെച്ച ചൈനയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പുറപ്പെടുന്ന ആദ്യ വിമാനം കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് രാത്രി 10 മണിക്കാണ് ആരംഭിച്ചത്. ഷാങ്ഹായ്-ന്യൂഡൽഹി വിമാനം നവംബർ ഒൻപത് മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ഉണ്ടാകുക.’ചൈനക്കും ഇന്ത്യക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു’ എന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് എക്സിൽ കുറിച്ചു.

കോവിഡ്-19 മഹാമാരി സമയത്ത്, 2020 ന്റെ തുടക്കം മുതൽ, ചൈനീസ് പ്രത്യേക ഭരണ മേഖലയായ ഹോങ്കോങ്ങ് ഒഴികെയുള്ള രാജ്യങ്ങൾക്കിടയിലുള്ള എയർലൈൻ സേവനങ്ങൾ നിർത്തിവച്ചിരുന്നു. 2020ലെ ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്നാണ് പിന്നീട് സർവീസ് പുനരാരംഭിക്കാതിരുന്നത്. വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡിഗോ സർവീസ് പ്രഖ്യാപിച്ചിരുന്നു