ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് തൂത്തുവാരി ഇടത് വിദ്യാര്‍ഥി സഖ്യം. നാല് സെൻട്രൽ സീറ്റിലുകളിലും ഇടതു സഖ്യം വിജയിച്ചു. ഐസയുടെ അതിഥി മിശ്രയെ പ്രസിഡന്റായും മലയാളിയും എസ്എഫ്ഐ നേതാവുമായ കെ. ഗോപിക ബാബുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇടത് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഡിഎസ്എഫിന്റെ സുനില്‍ യാദവാണ് ജനറല്‍ സെക്രട്ടറി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന യൂണിയൻ തെരഞ്ഞെടുപ്പാണ് ജെഎൻയുവിലേത്. എബിവിപിയും ഇടതുവിദ്യാർഥി സഖ്യവും തമ്മിൽ കനത്ത പോരാട്ടമായിരുന്നു ഇത്തവയുണ്ടായത്. ഒടുവിൽ നാല് സെൻട്രൽ സീറ്റുകളിലും വിജയിച്ച് ഇടതു സഖ്യം ആധിപത്യം നേടി.
ഐസയുടെ ഡാനിഷ് അലിയാണ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചത്. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് സംഘടനകളുൾപ്പെടുന്നതാണ് ഇടതുപക്ഷ വിദ്യാർഥി സഖ്യം. എല്ലാ സീറ്റുകളിലും എബിവിപിയാണ് രണ്ടാം സ്ഥാനത്ത്. ഇടത് സഖ്യത്തിന്റെ ഭാഗമല്ലാതെ മത്സരിച്ച എഐഎസ്എഫിനും കാര്യമായ വോട്ട് നേടാനായില്ല. അതേസമയം ഒറ്റയ്ക്ക് മത്സരിച്ച പ്രോഗ്രസീവ് സ്റ്റുഡന്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തടക്കം കാര്യമായ വോട്ട് പിടിച്ചു.
