ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാൽ ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് വഴക്കുകൾക്കും പേരുകേട്ട പാർട്ടിയാണ്. കെ. കരുണാകരൻ നേതൃത്വം നൽകിയിരുന്ന ഐ ഗ്രൂപ്പും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നേതൃത്വം നൽകിയിരുന്ന എ ഗ്രൂപ്പും പതിറ്റാണ്ടുകൾക്കിപ്പുറവും കോൺഗ്രസിനുള്ളിൽ സജീവമാണ്. കരുണാകരനും ഉമ്മൻ ചാണ്ടിയും ജീവിച്ചിരിപ്പില്ലാത്തതും, എ.കെ ആൻ്റണി സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തതും എല്ലാം, ഗ്രൂപ്പുകളുടെ സജീവ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും കേരളത്തിലെ കോൺഗ്രസിൽ താഴെ തട്ടിൽ വേരുകൾ ഉള്ളത് എ – ഐ ഗ്രൂപ്പുകൾക്ക് തന്നെയാണ്.

ഗ്രൂപ്പ് സ്ഥാപകരുടെ ശൂന്യത മുതലെടുത്ത് കെ.സി വേണുഗോപാലും വി.ഡി സതീശനും സ്വന്തം ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ ഇതുവരെ കോൺഗ്രസിലെ അടിത്തട്ടിൽ ശാക്തിക ചേരിയായി രൂപപ്പെട്ടിട്ടില്ല. ഈ യാഥാർത്ഥ്യം അറിയുന്നത് കൊണ്ടുതന്നെയാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ ഇപ്പോഴും നോമിനേഷൻ പ്രക്രിയയിലൂടെ ഭാരവാഹികളെ ഹൈക്കമാൻ്റ് കെട്ടിയിറക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിൻ്റെ താൽപര്യത്തിൽ പുറത്തിറക്കുന്ന ഭാരവാഹി പട്ടിക കണ്ട് മിണ്ടാതിരിക്കേണ്ട ഗതികേടിലാണ് എ – ഐ ഗ്രൂപ്പുകളുള്ളത്.

ഒരവസരത്തിനായാണ് അവർ കാത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെങ്കിൽ, കെ.സി വേണുഗോപാലിന് എതിരെയും വി.ഡി സതീശന് എതിരെയും കോൺഗ്രസിൽ കലാപക്കൊടി ഉയരും. അതാകട്ടെ വ്യക്തവുമാണ്.

കോൺഗ്രസിൽ കാലങ്ങളായി സൃഷ്ടിക്കുന്ന അധികാര വടംവലിയാണ് ഇന്നും ആ പാർട്ടിയിലെ യുവ നേതാക്കളുടെ ഭാവിയെ നിർണ്ണയിക്കുന്നത്. കഴിവുകൾ ഏറെ ഉണ്ടായിട്ടും, ഗ്രൂപ്പ് പോരിൽ തട്ടി പല പ്രധാന യുവ തുർക്കികളും വീണ് പോയതും കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ കേരളം കണ്ട കാഴ്ചകളാണ്.

കോൺഗ്രസിൻ്റെ യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ മുന്നണി പോരാളിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്, സ്ത്രീവിഷയത്തിൽപ്പെട്ട് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയേണ്ടി വന്നപ്പോൾ, പകരം ആ സ്ഥാനത്ത് തീർച്ചയായും വരേണ്ടിയിരുന്ന സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെ ഒതുക്കിയത്, കെ.സി വേണുഗോപാലിൻ്റെ ബുദ്ധി ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായാൽ അബിൻ വർക്കിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടി വരുമെന്ന തിരിച്ചറിവാണ് കെ.സിയെ ഇത്തരം വെട്ടിനിരത്തലിന് പ്രേരിപ്പിച്ചിരുന്നത്. അബിൻ വർക്കിക്ക് പകരം കെ.സി വേണുഗോപാലിൻ്റെ വിശ്വസ്തരായ രണ്ട് പേരെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായും വർക്കിങ് പ്രസിഡൻ്റായും നിയമിച്ച്, അവർക്ക് രണ്ട് പേർക്കും നിയമസഭാ സീറ്റുകൾ ഉറപ്പു വരുത്തിയിരിക്കുകയാണ് കെ.സി.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, തനിക്കൊപ്പം കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിപക്ഷവും നിൽക്കണമെന്ന താൽപര്യം കെ.സി വേണുഗോപാലിനുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ രമേശ് ചെന്നിത്തലയ്ക്കും വി.ഡി സതീശനും ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു മുൻ കരുതൽ കെ.സി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ, അദ്ദേഹത്തിൻ്റെ ഈ അധികാരത്തോടുള്ള ആർത്തിയിൽ, യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന നല്ലൊരു അദ്ധ്യക്ഷനെയാണ് നഷ്ടമായിരിക്കുന്നത്. അബിൻ വർക്കിക്ക് നിയമസഭാ സീറ്റ് കൂടി നിഷേധിക്കുകയാണെങ്കിൽ, കെ.സി വേണുഗോപാൽ കെട്ടിയിറക്കുന്ന പല സ്ഥാനാർത്ഥികളെയും എ-ഐ ഗ്രൂപ്പുകൾ തന്നെ സംയുക്തമായാണ് തോൽപ്പിക്കാൻ പോകുന്നത്. അത്തരമൊരു സൂചന ഇതിനകം തന്നെ പുറത്ത് വന്ന് കഴിഞ്ഞിട്ടുമുണ്ട്.

കെ.എസ്.യുവിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അബിൻ വർക്കി, പിന്നീട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയനിലൂടെ ദേശീയ തലത്തിലും നിറ സാന്നിധ്യമായിരുന്നു. യൂത്ത് കോൺഗ്രസിൽ പ്രവേശിച്ചതിന് ശേഷം അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ,1.7 ലക്ഷത്തിലധികം വോട്ടുകൾ നേടി രാഹുൽ മാങ്കൂട്ടത്തിലിന് തൊട്ടു പിന്നാലെ എത്തിയതോടെയാണ്, അന്ന് വൈസ് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചിരുന്നത്.