ശബരിമലയിൽ നിലവിൽ തിരക്ക് പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പോലീസ് കോർഡിനേറ്ററും എഡിജിപിയുമായ എസ്. ശ്രീജിത്ത് പറഞ്ഞു. രാവിലെ നാല് മണിക്ക് നിലയ്ക്കൽ എത്തുന്ന തീർത്ഥാടകർക്ക് ഏഴ് മണിയോടെ ദർശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിർച്വൽ ക്യൂ വഴിയുള്ള സ്പോട്ട് ബുക്കിങ് നിയന്ത്രിച്ചത് തിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

എന്നാൽ, നിലവിലെ ബുദ്ധിമുട്ടുകൾക്ക് ഒരു പ്രധാന കാരണം, പലദിവസങ്ങളിൽ ബുക്ക് ചെയ്തിട്ട് ദിവസം മാറി ദർശനത്തിനെത്തുന്ന അയ്യപ്പന്മാരാണെന്ന് ശ്രീജിത്ത് ചൂണ്ടിക്കാട്ടി. വിർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർ അതേ ദിവസം തന്നെ ദർശനത്തിന് എത്തണമെന്നും അദ്ദേഹം കർശനമായി സൂചിപ്പിച്ചു. ഇത്തരത്തിൽ ദിവസം മാറി എത്തിയവരുടെ എണ്ണം ഏകദേശം 25,000-ത്തോളമായിരുന്നു. ഈ തിരക്കിനൊപ്പം കാനനപാതയിലൂടെ കയറിയ ആളുകൾ ക്യൂവിൽ കയറാൻ ശ്രമിച്ചത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ആദ്യദിവസം 29,000 പേരാണ് ദർശനം നടത്തിയതെങ്കിൽ ഇത്തവണ ആദ്യദിവസം തന്നെ 55,000 പേർ ദർശനം നടത്തി. ക്രമാതീതമായി ഇത്രയും ആളുകൾ സാധാരണ ഉണ്ടാവാറില്ല. വിർച്വൽ ക്യൂ പാസ് ഉണ്ടായിട്ടും ദർശനം ലഭിക്കാതെ പോയവർക്ക് വീണ്ടും അവസരം നൽകുമെന്നും, അത്തരക്കാർ പോലീസിലോ അദ്ദേഹത്തെയോ നേരിട്ട് ബന്ധപ്പെട്ടാൽ മതിയെന്നും എസ്. ശ്രീജിത്ത് അറിയിച്ചു.

പതിനെട്ടാം പടി മുതൽ മരക്കൂട്ടം വരെ 18,000 ഭക്തർക്കേ ക്യൂ നിൽക്കാൻ സാധിക്കൂ. ഒരു ലക്ഷത്തിലധികം ആളുകളെ ഒരു നേരം ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയില്ല. വരുന്നവർ തിരിച്ചുപോകുമെന്ന പ്രതീക്ഷയിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വിർച്വൽ ക്യൂ പാസ് കൈയ്യിലുള്ളവർ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായാൽ പമ്പയിലാകണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം നിർദ്ദേശം നൽകി.