വോട്ട് മോഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാ റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്തുപറഞ്ഞ രാഹുൽ ഗാന്ധി, നിങ്ങൾ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ല എന്ന് പരിഹസിച്ചു. സത്യത്തെ മുറുകെ പിടിച്ച് നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കുമെന്നും, സത്യം രാജ്യത്ത് വിജയം നേടുന്നതുവരെ താൻ പോരാടുമെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ പ്രഖ്യാപിച്ചു.
അമിത് ഷായ്ക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചിട്ടും അമിത് ഷാ അതിന് തയ്യാറാകാത്തതിനെ രാഹുൽ ചോദ്യം ചെയ്തു. അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ച രാഹുൽ, മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വന്നതാണെന്നും ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ അവരുടെ യഥാർത്ഥ അവസ്ഥ ജനങ്ങൾ കാണുമെന്നും ആരോപിച്ചു.
എങ്കിലും, രാജ്യത്തെ ജനങ്ങൾ സത്യത്തെ തിരിച്ചറിയുന്നുണ്ടെന്നും, സമയം എടുത്താലും ഗാന്ധിജി കാട്ടിത്തന്ന സത്യത്തിൻ്റെ വഴിയിലൂടെ രാജ്യം വിജയം നേടുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
