നൈറ്റ് ക്ലബ്ബുകൾ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും കുടുംബസമേതം ഇത്തരം ഇടങ്ങളിൽ പോയി കാബറെ ഡാൻസ് കാണുന്നത് ലജ്ജാകരമാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ ദാരുണമായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ, ഗോവ വിമോചന സമര അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീപിടുത്തത്തിന് മുൻപുള്ള ദൃശ്യങ്ങളിൽ ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ തനിക്ക് നാണക്കേട് തോന്നിയെന്നും, നൈറ്റ് ക്ലബ്ബ് പാർട്ടികൾ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിനോദത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം പ്രവണതകളെ ഗവർണർ രൂക്ഷമായി വിമർശിച്ചു.


ഗോവയുടെ വിമോചനത്തിനായി പോരാടിയത് ജനസംഘമാണെന്നും എന്നാൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും കോൺഗ്രസ് സർക്കാർ ഗോവയുടെ മോചനത്തിനായി ഒന്നും ചെയ്തില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ഗോവ വിമോചനം വൈകിയത്. ഗോവയെ കേരളത്തോട് ചേർക്കാൻ കോൺഗ്രസിന് താല്പര്യമില്ലായിരുന്നുവെന്നും, കോൺഗ്രസിന്റെ കാര്യത്തിൽ ഗോവയിലെ ജനങ്ങൾ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഗോവയുടെ പോരാട്ടം യഥാർത്ഥത്തിൽ ഭാരതത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.