കേരളത്തിന്റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും കഴിഞ്ഞ എട്ട് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളം സ്വന്തമായി നേടിയ പുരോഗതിയെ അപ്രസക്തമാക്കുന്ന രീതിയിൽ അർഹമായ വിഹിതം നിഷേധിക്കുകയും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്ത് സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ മാസങ്ങളായി കേന്ദ്രത്തിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കേന്ദ്രം നടത്തുന്ന ഏകപക്ഷീയമായ തിരിച്ചുപിടിക്കലുകൾ സംസ്ഥാനത്തിന്റെ ബജറ്റ് ആസൂത്രണത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി (IGST) സെറ്റിൽമെന്റിന്റെ പേരിൽ മുൻകൂർ വിനിയോഗം ക്രമീകരിച്ചതെന്ന സാങ്കേതിക ന്യായം ഉന്നയിച്ച് 2025 ഏപ്രിലിൽ 965.16 കോടി രൂപ വെട്ടിക്കുറച്ചത് കേരളത്തിന്റെ ധനകാര്യ സ്ഥിതിയെ കൂടുതൽ വഷളാക്കി.

പതിനൊന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ 3.05 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനിൽ എത്തുമ്പോൾ 1.92 ശതമാനമായി കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

നാലുവർഷം മുമ്പ് വരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിൽ, ഇപ്പോൾ അത് 25 മുതൽ 30 ശതമാനം വരെ താഴ്ന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി ആകെ റവന്യൂ വരുമാനത്തിന്റെ 70 മുതൽ 75 ശതമാനം വരെ സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. കേരളം കൈവരിച്ച നേട്ടങ്ങളെയാണ് സംസ്ഥാനത്തിന് അർഹമായ സഹായങ്ങൾ നിഷേധിക്കാനുള്ള കാരണം ആയി കേന്ദ്ര സർക്കാർ മാറ്റുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.