കൊല്ലം കോർപറേഷനിലും പുതിയ ഭരണസമിതിയെ ചൊല്ലി തർക്കം. കൊച്ചിയ്ക്കും തൃശ്ശൂരിനും പിന്നാലെയാണ് കൊല്ലത്തും തർക്കം ഉണ്ടാക്കുന്നത്. കൊല്ലത്ത് ഡെപ്യൂട്ടി മേയർ പദവിയെ ചൊല്ലിയാണ് യുഡിഎഫിൽ തർക്കമുണ്ടാക്കുന്നത്. ആർഎസ്പിയും മുസ്ലീം ലീഗുമാണ് ശക്തമായ പ്രതിഷേധവുമായി കൊല്ലത്ത് രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം മേയർ സ്ഥാനത്തേക്ക് എ.കെ. ഹഫീസിനെ നിശ്ചയിക്കുന്ന കാര്യത്തിൽ നേരത്തെ ധാരണയായിരുന്നുവെങ്കിലും ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്തെക്കുറിച്ച് മുന്നണിയിൽ മുൻകൂട്ടി ചർച്ചകൾ നടക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആർഎസ്പിയിലെ ഷൈമ, മുസ്ലീം ലീഗിലെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

എന്നാൽ സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തിൽ കോൺഗ്രസിലെ കരുമാലിൽ ഉദയ സുകുമാരനെ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നായിരുന്നു കോൺഗ്രസ് നിലപാട്. ആദ്യഘട്ടത്തിൽ രണ്ട് പദവികളും കോൺഗ്രസ് കൈവശം വെക്കണമെന്നും, ഭരണസമിതിയുടെ അവസാന വർഷം മാത്രം മറ്റ് കക്ഷികൾക്ക് വിട്ടുനൽകാം എന്നുമാണ് കോൺഗ്രസ് നിർദ്ദേശിച്ചത്.

എന്നാൽ ആർഎസ്പിയും മുസ്ലീം ലീഗും ഈ നിർദേശം തളിക്കളയുകയായിരുന്നു. ഈ നിബന്ധന അംഗീകരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, നാളെ മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർഎസ്പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായാണ് സൂചന.