ആർഎസ്എസിനെ പുകഴ്ത്തുന്ന പരാമർശങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും കഴിയുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെയും എൽ.കെ. അദ്വാനിയുടെയും ചിത്രങ്ങൾ പങ്കുവച്ചാണ് ദിഗ് വിജയ് സിങ് ഈ അഭിപ്രായം എക്സിൽ രേഖപ്പെടുത്തിയത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ തുടർച്ചയായി പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെ തന്നെയാണ് ദിഗ് വിജയ് സിങിന്റെ പരാമർശങ്ങൾ ശ്രദ്ധേയമായത്. ആർഎസ്എസിന്റെ സംഘടനാ ശക്തിയെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും, അതിലൂടെ നേതൃസ്ഥാനങ്ങളിലേക്ക് ഉയരാൻ കഴിയുന്നതാണ് അവരുടെ ബലമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താൻ ആർഎസ്എസിനെ പുകഴ്ത്തിയിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് പിന്നീട് ദിഗ് വിജയ് സിങ് വിശദീകരണം നൽകിയത്.
