ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഭാഷാ പരിമിതിയെ പരിഹസിച്ചവർക്ക് മറുപടിയുമായി രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ റഹീം രംഗത്തെത്തി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേയൊരു ഭാഷ മാത്രമേയുള്ളൂവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും ഭാഷ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും റഹീം കൂട്ടിച്ചേർത്തു.

ഭരണകൂട ഭീകരതയുടെ ഇരകളായി സർവസ്വവും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ സങ്കടങ്ങൾ ലോകമറിയണമെന്ന ലക്ഷ്യത്തോടെയാണ് താൻ അവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവർ, ഇത്രയും കാലം ആരും കാണാതെ പോയ ആ പാവപ്പെട്ടവരുടെ കണ്ണീരും കാണണം. തെറ്റില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന പലരും ഇത്തരം ദുരിതഭൂമികളിൽ ഇരകൾക്കൊപ്പം നിൽക്കാൻ എത്തിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

തന്റെ ഭാഷയെ പരിഹസിക്കുന്ന തിരക്കിൽ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഭരണകൂടവും അനുകൂലികളും രക്ഷപ്പെടാൻ നോക്കരുത്. തന്റെ സന്ദർശനത്തിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം മാധ്യമങ്ങൾ ഏറ്റെടുത്തതിൽ അഭിമാനമുണ്ടെന്നും ഇനിയും ശബ്ദമില്ലാത്തവർക്കായി നിലകൊള്ളുമെന്നും റഹീം വ്യക്തമാക്കി. കഴിഞ്ഞ ദിവസം യെലഹങ്കയിലെ ഫക്കീർ കോളനിയിൽ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെയായിരുന്നു വിവാദമായ അഭിമുഖം നടന്നത്.