ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിന് ഇത്ര പരിഭ്രാന്തിയെന്ന് അദ്ദേഹം ചോദിച്ചു. എസ്ഐടിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വി.ഡി. സതീശൻ ഇപ്പോൾ നിലപാട് മാറ്റിയതായും, യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞതോടെ എസ്ഐടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നും മന്ത്രി ചോദിച്ചു. കടകംപള്ളിയിൽ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷം വലിയ ആഘോഷം നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണത്തിന്റെ പോക്കിൽ ഭയമുണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലാകുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവർ ചെയ്യുന്ന കാര്യങ്ങളിൽ ദുരൂഹതയില്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ രണ്ട് നേതാക്കൾ എന്തിനാണ് പ്രതികളോടൊപ്പം സോണിയ ഗാന്ധിയെ കണ്ടതെന്നും മന്ത്രി ചോദിച്ചു.

മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്കു ചേർന്നത് ഒറ്റച്ചാട്ടത്തിന്റെ ഭാഗമാണെന്നും, കോൺഗ്രസ് ബിജെപിയായി മാറുകയാണെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസ്–ബിജെപി ഡീൽ താഴെത്തട്ടിൽ മാത്രമല്ല, നേതൃനിരയിലും ഉണ്ടെന്നും, ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപിയിലേക്കാണ് കണ്ണുനട്ടിരിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.