പുതുവർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി. കേരളം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജന നേട്ടം സുസ്ഥിരമായി നിലനിർത്തണമെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായ കുടുംബങ്ങൾ ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ പാടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.
തിരഞ്ഞെടുപ്പ് വേളയിലെ വാദപ്രതിവാദങ്ങൾ അവസാനിച്ചെന്നും ഇനി പുതിയ ഭരണസമിതികളുടെ മുന്നിലുള്ളത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി 20 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 29 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം മുന്നേറുകയാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതുവർഷം കേരളത്തിന് കൂടുതൽ വളർച്ചയുടെയും സമൃദ്ധിയുടേയും കാലമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആരോഗ്യ മേഖലയിലെ പുതിയ പദ്ധതികളെക്കുറിച്ചും വാർത്താസമ്മേളനത്തിൽ സൂചനകൾ നൽകി. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ക്യാമ്പയിനുകൾക്ക് സർക്കാർ കൂടുതൽ കരുത്ത് പകരും. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
