അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ ഇ ഡി ചോദ്യം ചെയ്തു. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ്. ഇതുമായി ബന്ധപ്പെട്ട് നവംബറില്‍ അന്‍വറിന്റെ വീട്ടിലുള്‍പ്പടെ ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു.
അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിരൂപയുടേയും പീവീആര്‍ ഡെവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടിയുടേയും 1.56 കോടിയുടേയും വായ്പകള്‍ തിരച്ചടയ്ക്കാതായതോടെ കോര്‍പ്പറേഷന്റെ 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറി. ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികള്‍ ലഭിച്ചിരുന്നു.
ഇതില്‍ അന്വേഷണം നടത്തിയ ഇഡി അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം അഞ്ചുവര്‍ഷംകൊണ്ട് വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച് തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇഡി പി വി അന്‍വറിനെ നോട്ടീസയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
