ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി കേരള നിയമസഭ. എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. ആവർത്തിച്ചുള്ള ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരാൾ എംഎൽഎ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎയുടെ അയോഗ്യത സംബന്ധിച്ച നിയമവശങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ധരുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തും. വിഷയം നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. ജനപ്രതിനിധിയായാലും സാധാരണ പൗരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് സ്പീക്കർ വ്യക്തമാക്കി.

ഒരു നിയമസഭാംഗത്തിനെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമാണ്. സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ മൂന്നാമത്തെ ലൈംഗികാതിക്രമ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കാനഡയിലുള്ള പരാതിക്കാരി വീഡിയോ കോൺഫറൻസിങ് വഴിയാണ് പൊലീസിന് മൊഴി നൽകിയത്.

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ പരിചയപ്പെട്ട തന്നെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു.ഗർഭിണിയായപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങിയവയാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.

നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. നിയമസഭാ പരിസരത്തോ എംഎൽഎ ഹോസ്റ്റലിലോ അല്ലാത്ത പക്ഷം, അറസ്റ്റ് നടപടികൾക്ക് സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.