സ്പീക്കർക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിൽ നിന്ന് തന്നെ തടയുന്നത് കീഴ്വഴക്കത്തിൻ്റെ ലഘനം. ദേശസുരക്ഷ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് തടയാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇത് ആശങ്ക ഉയർത്തുന്നു എന്നും സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

തന്നെ സംസാരിക്കുന്നതിൽ നിന്ന് തടയുന്നത് കീഴ്വഴക്കത്തിൻ്റെ ലംഘനം മാത്രമല്ല, മനഃപൂർവമായ ശ്രമം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് അഭൂതപൂർവമായ സാഹചര്യത്തിലേക്ക് നയിച്ചു.

പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി, സർക്കാരിന്റെ നിർദ്ദേശപ്രകാരം, സംസാരിക്കുന്നത് തടയാൻ സ്പീക്കർ നിർബന്ധിതനായി. ഇത് നമ്മുടെ ജനാധിപത്യത്തിന്മേലുള്ള കളങ്കമാണ്, ഇതിനെതിരെ ഞാൻ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി കുറിച്ചു.

ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് പറഞ്ഞു.