അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കുടുംബം പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കില്ലെന്ന് സിപിഐഎം സ്ഥിരീകരിച്ചു. കുടുംബം ഉചിതമായ തീരുമാനം എടുക്കട്ടെയെന്നതായിരുന്നു പാർട്ടി നിലപാടെന്നും, കൂടിയാലോചനയ്ക്കുശേഷമാണ് പുരസ്കാരം സ്വീകരിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പാർട്ടി നിലപാടിനൊപ്പമാണ് കുടുംബമെന്ന് വി.എസിന്റെ മകൻ വി.എ. അരുൺകുമാറും വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പുരസ്കാരങ്ങളെക്കാൾ വലുത് വി.എസിന് ജനമനസിലുള്ള സ്ഥാനമാണെന്നും, ഔദ്യോഗിക ബഹുമതികൾ സ്വീകരിക്കാത്ത സിപിഐഎം മൂല്യങ്ങൾ വി.എസ് ജീവിതത്തിലുടനീളം പിന്തുടർന്നിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വി.എസ് ജീവിച്ചിരുന്നെങ്കിൽ പത്മവിഭൂഷൺ നിരസിച്ചേനെ എന്നും, പുരസ്കാരം സ്വീകരിക്കണമോയെന്നത് കുടുംബത്തിന്റെ തീരുമാനമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രതികരിച്ചു.