കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് ഉറപ്പാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. 2019ൽ തന്നെ എൻപിആർ നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

സെൻസസിനൊപ്പം എൻപിആർ നടപ്പാക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട് വീണ്ടും ആവർത്തിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്ത് എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ തന്നെ നിർത്തിവെച്ചിരിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണെന്നും, സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത സംസ്ഥാനമാണെന്നും സർക്കാർ ഓർമ്മിപ്പിച്ചു. ഈ നിലപാടുകളുടെ തുടർച്ചയായാണ് പുതിയ ഉത്തരവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.