കിഫ്ബി വഴിയാണ് കേരളത്തിന്റെ നിരവധി വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കിഫ്ബിയുടെ ഇടപെടലുകളുടെ സാക്ഷ്യങ്ങൾ കാണാനാകുമെന്നും, വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ ഏറെ വലുതാണെന്നും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം മുന്നോട്ട് കുതിക്കാൻ ഏറ്റവും വലിയ തടസ്സം സാമ്പത്തിക പ്രതിസന്ധിയായിരുന്നു എന്നും ബജറ്റിന് പുറത്ത് ധനസ്രോതസുകൾ കണ്ടെത്തിയാൽ മാത്രമേ വികസന ആവശ്യങ്ങൾ നിറവേറ്റാനാകൂ എന്ന ബോധ്യത്തിലാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചേശ്വരം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയപാത വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, ഒരിക്കലും പൂർത്തിയാകില്ലെന്ന പൊതുവായ ധാരണ ഉണ്ടായിരുന്ന പദ്ധതികളാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടെയും പ്രധാന തടസ്സം ധനസ്രോതസുകളുടേതായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തോടും ആവശ്യപ്പെടാത്ത നിബന്ധനകൾ കേരളത്തോട് ദേശീയപാത അതോറിറ്റി മുന്നോട്ടുവെച്ചതായും, സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നായിരുന്നു ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം വഹിക്കാമെന്ന ധാരണയിലേക്കാണ് കാര്യങ്ങൾ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ ഹൈവേ, മലയോര ഹൈവേ എന്നീ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ കിഫ്ബി വഴി 10,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും സർവകലാശാലകൾക്കും കിഫ്ബി ഫണ്ടിൽ നിന്നാണ് ധനസഹായം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ കിഫ്ബി ഫണ്ടിൽ നിന്നാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനും ധനസഹായം നൽകിയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
