നവോത്ഥാന നായകരുടെ പോരാട്ടങ്ങളാണ് കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണ്യത്തിന്റെ മേധാവിത്വം സ്ഥാപിതമായ കാലത്താണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തിപ്പെട്ടതെന്ന് പ്രമുഖ ദാർശനികനായ ചട്ടമ്പി സ്വാമികളെ ഉദ്ധരിച്ച് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന കഥ ശുദ്ധ അസംബന്ധമാണെന്ന് ചട്ടമ്പി സ്വാമികൾ പണ്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഒരു “ഭ്രാന്താലയത്തിൽ” നിന്ന് “മനുഷ്യാലയമാക്കി” മാറ്റുന്നതിനായുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, വാഗ്ഭടാനന്ദൻ തുടങ്ങിയ നവോത്ഥാന നായകന്മാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യനെ വിഭജിക്കുന്ന ജാതി–മത ചിന്തകൾക്കും ഫ്യൂഡൽ ജീർണതയ്ക്കുമെതിരെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന സന്ദേശത്തിലൂടെ ശ്രീനാരായണ ഗുരു ശക്തമായ അടിത്തറ പാകിയതായും അദ്ദേഹം പറഞ്ഞു.

ഈ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിലൂടെയാണ് ദേശീയ പ്രസ്ഥാനവും തുടർന്ന് ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വളർന്നുവന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് 1956-ൽ ഐക്യകേരളം രൂപപ്പെട്ടതും, 1957-ൽ ലോകത്താദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതും. 1957-ൽ സഖാവ് ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോൾ, ഭരണകൂടത്തിന്റെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് തന്നെ സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടി ആ അവസരം പരമാവധി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചുവെന്നും, അന്നെടുത്ത നിലപാട് ഇന്നും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.